Muslim Youth League Vatakara Constituency

സയ്യിദ് അബ്ദുറഹിമാന്‍ബാഫഖി തങ്ങള്‍

മത, സാമൂഹി, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച്, പൊതു ജീവിതത്തില്‍ സംശുദ്ധിയും, ആത്മാര്‍ത്ഥതയും, അര്‍പ്പണബോധവും ത്യാഗസന്നദദ്ധയും, സേവന മനസ്ഥിതിയും പ്രവര്‍ത്തനത്തിലുടനീളം കാഴ്ചവെച്ച് ബാഫഖി തങ്ങളുടെ മാതൃക പുതിയ തലമുറ പഠനവിധേയമാക്കേണ്ടതാണ്.
ഹിജ്‌റ 1323 ദുല്‍ഹജ്ജ് മാസം 25 ന്(1903) കൊയിലാണ്ടിയിലാണ് തങ്ങള്‍ ജനിച്ചത്. പ്രമുഖ മതപണ്ഡിതനും നല്ലൊരു വ്യാപാരിയുമായിരുന്ന പിതാവിന്റെ കൂടെ കോഴിക്കോട്ടും, മാലദ്വീപിലും, സിലോണിലും, കൊച്ചിയിലുമൊക്കെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടത്തില്‍ പാലിക്കേണ്ട മര്യാദകളും, സത്യസന്ധതയും, വിശ്വാസവും പാലിച്ച് കൊണ്ട് വിവിധമതസ്ഥരായ കച്ചവടക്കാര്‍ക്ക് തങ്ങള്‍ മാതൃകയായി.
മുസ്ലീംകള്‍ വിദ്യാഭ്യാസപരമായി മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കണ്ടറിഞ്ഞ് മത-ഭൗതീക വിദ്യാഭ്യാസത്തിന് മുസ്ലീം വിദ്യാര്‍ത്ഥികളെ സജ്ജമാക്കാന്‍ ബാഫഖി തങ്ങള്‍ ശാസ്ത്രീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡിന് രൂപം നല്‍കുന്നതിനും, പട്ടിക്കാട് ജാമിഅ നുരിയ്യ, അറബികോളേജ് സ്ഥാപിക്കുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു. കേരള വഖഫ് ബോര്‍ഡ് രൂപീകരണം മുതല്‍ മരിക്കുവോളം അദ്ദേഹം അതില്‍ അംഗമായിരുന്നു. ദീനദയാലുവും, ധര്‍മ്മിഷ്ടനുമായിരുന്ന തങ്ങള്‍ യതീംഖാനകളുടെ സംസ്ഥാപനത്തിലും പുരോഗതിക്കും വേണ്ടി അതീവതാല്‍പര്യം കാണിച്ചു. തിരൂരങ്ങാടി യത്തീംഖാനയുടെ ആരംഭകാലം മുതല്‍ അദ്ദേഹത്തിനുണ്ടായിരുന്ന അഭേദ്യമായ ബന്ധം എടുത്തു പറയേണ്ടതാണ്. യതീംഖാനയുടെ പള്ളിക്ക് തറക്കല്ലിട്ടതും തങ്ങളായിരുന്നു.
കോഴിക്കോട് നടുവട്ടത്തും, വാടാനാപള്ളിയിലും, തലശ്ശേരിയിലും, അങ്ങാടിപ്പുറം തളിക്ഷേത്രത്തിലുമെല്ലാമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തങ്ങള്‍ കാണിച്ച ആത്മാര്‍ത്ഥതയും സത്യസന്ധതയും എന്നും ഓര്‍മ്മിക്കപ്പെടും.
പതറാതത് പദങ്ങളോടെ ചിതറാത്ത ചിത്തത്തോടെ ഹരിതപൊന്‍കൊടി ഉയര്‍ത്തിപ്പിടിച്ച് ധീരതയോടെ സമുദായത്തെ നയിച്ച മഹാനായ സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളുടെ ജീവിതം സംഘടനാ പ്രവര്‍ത്തര്‍ക്കും, ജനാധിപത്യ വിശ്വാസികള്‍ക്കും മാത്രമല്ല, വിദ്യാഭ്യാസ പ്രചരര്‍ക്കും, സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ഥ മണ്ഡലങ്ങളില്‍ വിരാചിക്കുന്നവര്‍ക്കും എന്നും മാതൃകയാണ്.
1973 ജനുവരി 19ന് പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോയ തങ്ങള്‍ പുണ്യഭൂമിയില്‍ വെച്ചാണ് ഈ ലോകത്തോട് വിടപറഞ്ഞത്. മുസ്ലീം ലീഗിന്റെ സമാദരണീയനായ അധ്യക്ഷന്റെ ആകസ്മിക നിര്യാണത്തില്‍ നാടും, നഗരവും കണ്ണീര്‍ വാര്‍ത്തു.