Muslim Youth League Vatakara Constituency

സി.എച്ച്. മുഹമ്മദ് കോയ സാഹിബ്


                കഴിവുറ്റ ഭരണാധികാരിയും, പത്ര പ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായും ഖ്യാതിയാര്‍ജ്ജിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ സാഹിബ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് സമീപം അത്തോളി ഗ്രാമത്തില്‍ ആലി മുസ്ലീയാരുടെ മകനായി 1927 ജൂലായ് 15 ന് സി.എച്ച് ജനിച്ചു. 1952 ല്‍ കോസജീവമായി നിലയുറപ്പിച്ചു. 1956 ല്‍ ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപരായി. 1957 ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം മുസ്ലീം ജനവിഭാഗത്തിന്റെ ആവേശമായിമാറി. 1961 ല്‍ സീതി സാഹിബ് അന്തരിച്ചപ്പോള്‍ സ്പീക്കറായി. 1973 ല്‍ അദ്ദേഹം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയായി.
1967 മുതലുള്ള പല കേരള മന്ത്രി സഭകളിലും വിദ്യാഭ്യാസം, ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലാണ് ഏറെകാലം സേവനമനുഷ്ഠിച്ചിട്ടുള്ളത്. രണ്ട് പ്രാവശ്യം അദ്ദേഹം ഉപമുഖ്യമന്ത്രിയായി. 1979 ഒക്‌ടോബര്‍ 12 മുതല്‍ ഡിസംബര്‍ 5 വരെ കേരള മുഖ്യമന്ത്രി പദം അലങ്കരിച്ച അദ്ദേഹമാണ് ഏറ്റവും കുറച്ചു കാലം ആ പദവി വഹിച്ച മുഖ്യമന്ത്രി. ലോകസഭാ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കൃതികള്‍ രചിച്ചു. എന്റെ ഹജ്ജ് യാത്ര, ഗള്‍ഫ് രാജ്യങ്ങള്‍, സോവിയറ്റ് യൂണിയന്‍, നിയമസഭാ ചട്ടങ്ങള്‍, ലിയാഖത്ത് അലി ഖാന്‍, ഞാന്‍ കണ്ട മലേഷ്യ എന്നിവ രചിച്ച ഗ്രന്ഥങ്ങളാണ്. 1983 സെപ്തംബര്‍ 28ന് ഹൈദരാബാദില്‍ വെച്ച് നിര്യാതനായി.