Muslim Youth League Vatakara Constituency

ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്

                                  അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ രാഷ്ട്രീയ നഭസ്സില്‍ പൊതുവിലും, ദക്ഷിണേന്ത്യയിലെ മുസ്ലീം സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ, രാഷ്ട്രീയ രംഗത്ത് വിശേഷിച്ചും വ്യക്തി പ്രഭ ചൊരിഞ്ഞ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്. ഈ രാജ്യം നൂറ്റാണ്ടുകള്‍ ഭരിച്ച് ഒരു സമുദായത്തില്‍ നിന്നും കാലം തട്ടിയെടുത്ത ആത്മ വീര്യം അവരുടെ ധമനികളില്‍ വീണ്ടും കുത്തിവെക്കാന്‍ കഠിനാധ്വാനം ചെയ്തപ്പോഴും രാഷ്ട്രീയത്തിന്റെ ഭൗതിക പ്രസരം തീണ്ടാതിരിക്കാന്‍ ഏറെ സൂക്ഷ്മത പാലിച്ച മഹാ മനുഷ്യന്‍.
സ്വാതന്ത്ര ഇന്ത്യയിലെ ആ സമാദരണീയ പൗരന്‍ ഖാഇദേ മില്ലത്ത് എന്ന സവിശേഷ നാമത്തില്‍ അറിയപ്പെട്ടിരുന്ന ഋഷി തുല്യനായൊരു നേതാവ്. രാഷ്ട്രത്തിന് പൊതുവിലും, മുസ്ലിം സമുദായത്തിന് പ്രത്യേകിച്ചും ഇസ്മാഈല്‍ സാഹിബ് ചെയ്ത സേവനങ്ങള്‍ കാലാതിവര്‍ത്തിയായി സ്മരിക്കപ്പെടുന്നു. മികച്ചൊരു വ്യാപാര കുടുംബത്തിലെ അംഗമായിട്ടാണ് അദ്ദേഹം ജനിച്ചത്. തിരുനല്‍വേലി ജില്ലയിലെ പേട്ടയില്‍, തിരുനല്‍വേലി മിഷ്യനറി സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം മദിരാശിയില്‍ ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നു. ബി.എ. ക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് വിട്ട് സ്വാതന്ത്യസമരവുമായി ബന്ധപ്പെടണമെന്ന ഗാന്ധിജിയുടെ ആഹ്വാനമുയര്‍ന്നത്. ഡിഗ്രി പരീക്ഷയ്ക്ക് ഏതാനും മാസങ്ങള്‍ അവശേഷിക്കുന്ന ആ അവസരത്തില്‍ ഒട്ടും മടിക്കാതെ ഇസ്മാഈല്‍ സാഹിബ് ഗാന്ധിജിയുടെ വിളികേട്ടു. സൈമണ്‍ കമ്മീഷന്‍ മദിരാശി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ചൈനാബസാറില്‍ നടന്ന കരിങ്കൊടി പ്രക്ഷോഭത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കര്‍മ്മങ്ങളില്‍ ശ്രീനിവാസ അയ്യങ്കാരും, കൃഷ്ണമൂര്‍ത്തിയും, രാജാജിയും മേല്‍കൈ നേടിയ കാലമായിരുന്നു അത്. ഇന്ത്യക്ക് സ്വരാജ് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജാജിയുടെ പ്രമേയം മേല്‍തിരുനല്‍വേലിയില്‍ നടന്ന രാഷ്ട്രീയ സമ്മേളനത്തിലാണ് അവതരിപ്പിച്ചത്. ഇസ്മാഈല്‍ സാഹിബായിരുന്നു അത് പാസ്സാക്കിയെടുത്തതിന്റെ ചാലകശക്തി. ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തതോടൊപ്പം ദേശീയ തലത്തില്‍ അലി സഹോദരന്മാരോടൊപ്പവും അദ്ദേഹം ബന്ധപ്പെട്ടു പോന്നു. ധന്യമായ ആ ജീവിതത്തിന്റെ പിന്നാമ്പുറത്തേക്ക് നോക്കുമ്പോള്‍ തേജോമയമായൊരു ചരിത്ര ചിത്രം നമ്മുടെ മുമ്പില്‍ കടന്ന് വരുന്നു.
കല്‍ക്കത്തയില്‍ സുഹ്യവര്‍ദി വിളഇച്ച് ചേര്‍ത്ത മുസ്ലീം നേതൃ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്മാഈല്‍ സാഹിബും, സീതിസാഹിബുമാണ് നിയുക്തരായത്. ഭാര്യ കുളിമുറിയില്‍ വീണ് കാലിന്റെ എല്ല് പൊട്ടി രക്തം വാര്‍ന്നൊഴുകുമ്പോള്‍ പ്രിയതമയെ ആശുപത്രിയിലെത്തിക്കാന്‍ അയല്‍വാസികളോട് അഭ്യര്‍ത്ഥിച്ചിട്ട് മദിരാശി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് ഒരു ബ്രീഫ്‌കേസുമായി അദ്ദേഹം കുതിച്ചു. അത്രയും നേരം ഇസ്മാഈല്‍ സാഹിബിനെ കാണാതെ ഡോറില്‍ പരിഭ്രാന്തനായി സീതി സാഹിബ് കാത്തു നില്‍ക്കുകയായിരുന്നു. സംഗതി അറിഞ്ഞപ്പോള്‍ സീതിസാഹിബും വ്യാകുലനായി.
ലീഗ് പിരിച്ചുവിടാനുള്ള പ്രമേയമാണ് അജണ്ടയില്‍, പിന്നെയെങ്ങനെ പോവാതിരിക്കും. യോഗത്തിനെത്തിയ ഇരുവരും അതിനെ ശക്തിയായി എതിര്‍ത്തു. മുസ്ലീം ലീഗിന്റെ കൗണ്‍സില്‍ യോഗ്തതിലാണ് ഇത് ചര്‍ച്ച ചെയ്യേണ്ടത് ഇവിടെയല്ല, ഇസ്മാഈല്‍ സാഹിബ് വാദിച്ചു. ഒടുവില്‍ യോഗം ആവാദം ശരിവച്ചു. നെഹ്‌റു, മൗണ്ട് ബാറ്റണ്‍, പട്ടേല്‍, ആസാദ് എന്നീ നാല്‍വര്‍ സംഘത്തിന്റെ ഒരു ശ്രമം അങ്ങനെ പാളഇപോയി. അവസാനം ഇന്ത്യയില്‍ യോഗം വിളിച്ചു കൂട്ടി മുസ്ലീം ലീഗിന്റെ കാര്യം തീരുമാനിക്കാന്‍ ഇസ്മാഈല്‍ സാഹിബിനെ ചുമതലപ്പെടുത്തുകയായിരുന്നു. വിഭജനത്തിനുമുമ്പ് അന്നത്തെ ലീഗ് ഫണ്ട് ഇനത്തില്‍ ഭാഗിച്ച തുകയില്‍ 12 ലക്ഷം രൂപ ലിയാഖത്തലിഖാന്‍ ഇസ്മാഈന്‍ സാഹീബിന് വെച്ച് നീട്ടിയപ്പോള്‍ അദ്ദേഹമത് നിരസിച്ചു. അത് വിദേശ പണമാണ്. ഞങ്ങള്‍ക്കത് ആവശ്യമില്ല. ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടുകയുമരുത്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണ ചുമതല നിങ്ങളേറ്റെടുക്കുക. ലിയാഖത്തലിഖാനോട് അത്രയും പറഞ്ഞിട്ടദ്ദേഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നു,
മദിരാശി രാജാജി ഹാളില്‍ യോഗം ചേര്‍ന്ന് മുസ്ലീം ലീഗിന് രാഷ്ട്രീയം വേണ്ടെന്നും അതൊരു സാംസ്‌കാരിക സംഘടനയാക്കുകയാണ് അഭികാമ്യമെന്നും ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ വാദിച്ചു. എന്നാല്‍ തമിഴ്‌നാട്, കേരളം നേതാക്കള്‍ മറിച്ച് ചിന്തിക്കുന്ന കൂട്ടത്തിലായിരുന്നു. അവസാനം എത്തിപ്പെട്ടത് വലിയൊരു വാക്ക് സമരത്തിലായിരുന്നു. ഒത്ത് തീര്‍പ്പ് വ്യവസ്ഥ എന്നനിലക്ക് വോട്ടിംഗ് നടന്നു. നിര്‍ഭാഗ്യവശാല്‍ തുല്യ വോട്ടാണ് ലഭിച്ചത്. അദ്ധ്യക്ഷന്റെ കാസ്റ്റിം വോട്ടോടെ തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. മുസ്ലീം ലീഗ് ന്യൂനപശ്ക്ഷ രാഷ്ട്രീയ സംഘടനയായി പ്രവര്‍ത്തിക്കും. ഇസ്മാഈല്‍ സാഹിബ് പ്രസിഡന്റായി. സീതിസാഹിബായിരുന്നു ജനറല്‍ സെക്രട്ടറി. 1945ല്‍ മദിരാശി സ്റ്റേറ്റ് മുസ്ലീം ലീഗ് പ്രസിഡന്റായ ഇസ്മാഈല്‍ സാഹിബാണ് സ്വാതന്ത്രാനന്തരം 1948 ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ പ്രസിഡന്റായത്. മരണം വരെ അദ്ദേഹം ആ പദവി അലങ്കരിക്കുകയും ചെയ്തു.
പ്രമുഖ ഭരണഘടനാ വിദഗ്ധനും ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയുമായ ഡോ. അബേദ്കര്‍ കോണ്‍സ്റ്റിറ്റിയൂട്ട്‌മെന്റ് അസംബ്ലിയില്‍ അവതരിപ്പിച്ച ഭരണഘടനയുടെ കരടിന് ഇസ്മാഈല്‍ സാഹിബ് ഒട്ടു വളരെ ഭേദഗതികള്‍ കോണ്ടുവരുകയുണ്ടായി. അങ്ങനെ നമ്മുടെ ഭരണഘടനക്ക് രൂപം നല്‍കുന്നതിലും ഇസ്മാഈല്‍ സാഹിബ് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭരണഘടനാനിര്‍മ്മാണ സഭയില്‍ ഇന്ത്യ ഒട്ടുക്കും ഒരു പൊതു ഭാഷ അംഗീകരിക്കുന്ന ചര്‍ച്ച സജീവമായ സമരം. ഇക്കാര്യത്തില്‍ ഇസ്മാഈല്‍ സാഹിബിന്റെ നിലപാട് സുതാര്യവും, സുദൃഡവുമായിരുന്നു. അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ഒരു വിദേശ ഭാഷയാണെന്ന പേര് പറഞ്ഞ് നാമതിനെ നിരാകരിക്കാന്‍ ഒരുങ്ങുകയും അതിനു പകരം ഒരു ഇന്ത്യന്‍ ഭാഷ പൊതുഭാഷയായി തെരഞ്ഞെടുക്കപ്പെടുകയും ആ ഭാഷ ഒരു പ്രാചീന ഭാഷയാവണമെന്നും നാം നിര്‍ബന്ധിക്കുകയുമാണെങ്കില്‍ അതൊരു ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടതായിരിക്കണം. അതോടൊപ്പം തന്നെ സമ്പന്നമായൊരു സാംസ്‌കാരിക പൈതൃകവും അതിനവകാശപ്പെടാനുമായിരിക്കണം. അങ്ങനെയെങ്കില്‍ അത്തരമൊരു ഇന്ത്യന്‍ ഭാഷ തമിഴ് മാത്രമാണ്. എന്റെ മാതൃഭാഷയായ തമിഴ്. മാതൃഭാഷയോടുള്ള കൂറും തന്റെ കാഴ്ച്ചപ്പാട് തുറന്നടിക്കുന്നതിലുള്ള മനോദാര്‍ഢ്യവും ഈ വാക്കുകളില്‍ നിന്നും പ്രകടമാണ്.
1952 ല്‍ രാജ്യസഭ ആദ്യമായി നിലവില്‍ വന്നപ്പോള്‍ ഇസ്മാഈല്‍ സാഹിബ് അതിലൊരംഹഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് ഏറ്റവും അധികം വോട്ടിന് വിജയിച്ച അംഗവും അദ്ദേഹമായിരുന്നു. 1958 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. വിന്നീടദ്ദേഹം 1967 ലും 71 ലും ഇതേ മണ്ഡലത്തില്‍ നിന്നും വീണ്ടും അദ്ദേഹം വിജയശ്രീലാളിതനായി. ഇസ്മാഈല്‍ സാഹിബിന്‍ മാത്രം അവകാശപ്പെടാവുന്ന ഒരു ക്രഡിറ്റ് ഈ വിജയങ്ങളില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. മണ്ഡലത്തില്‍ കാല്‍കുത്തുകയോ, വോട്ടര്‍മാരെ കണ്ട് വോട്ട് ചോദിക്കുകയോ ചെയ്യാതെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഒരേ ഒരു നേതാവാണ് ഇസ്മാഈല്‍ സാഹിബ്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തിരുത്തിക്കുറിച്ചിട്ടില്ലാത്ത ഒരു റിക്കാര്‍ഡ് അങ്ങനെ ഇന്നും തിളങ്ങി നില്‍ക്കുന്നു. ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെയായിരുന്നു ആ തെരഞ്ഞെടുപ്പ് എന്നത് അദ്ദേഹത്തിന്റെ വ്യക്തി വൈശിഷ്ഠ്യത്തിന് മാറ്റ് കൂട്ടുന്നു.
ലോകസഭയിലും രാജ്യസഭയിലും ചെയ്ത പ്രസംഗങ്ങള്‍ ദേശാഭിമാന ബോധത്തിന്റെയും ദേശീയ ഐക്യത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും, രാഷ്ട്രീയത്തിന്റെയും അഭിമാനവും അന്തസ്സും സംരക്ഷിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അവബോധത്തിന്റെയും സൂക്ഷ്മ വശങ്ങള്‍ വിളിച്ചോതി 1947 ഓഗസ്റ്റ് 15 നുശേഷം വടക്കെ ഇന്ത്യ കത്തിയെരിഞ്ഞപ്പോള്‍ തെക്കെ പൊതുവിലും, മദിരാശിയില്‍ പ്രത്യേകിച്ച് ശാന്തിയുടേയും സമാധാനത്തിന്റെയും പൂവാടിയായി. അതിന്റെ പേരില്‍ അന്ന് മദിരാശിയില്‍ ഗവര്‍ണ്ണറായിരുന്ന ആര്‍ച്ചിബാര്‍ഡനെ അഭിനന്ദിച്ചത് ഇസ്മാഈല്‍ സാഹിബിനെയായിരുന്നു. സമാധാനം നിലനിര്‍ത്തുന്നതില്‍ ഇസ്മാഈല്‍ സാബിബിന്റെ അളവറ്റ സഹായം ലഭിച്ചതായാണ് അദ്ദേഹം എടുത്തു പറഞ്ഞത്.
പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ച ഘട്ടങ്ങളിലൊക്കെ ഇന്ത്യന്‍ മുസ്ലീങ്ങളുടെ ദേശക്കൂറ് പാക്കിസ്ഥാനിനെതിരായ പ്രഖ്യാപനങ്ങളിലൂടെ അസന്നിഗ്ധമാം വിധം അദ്ദേഹം രാഷ്ട്രത്തെ ബോധ്യപ്പെടുത്തിയിരുന്നു. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോഴും ആ ധീരദേശാഭിമാനിയുടെ രക്തം തിളച്ചു. എനിക്ക് വയസ്സായത് കൊണ്ട് പട്ടാളത്തില്‍ ചേരാന്‍ നിയമപരമായ തടസ്സമുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് പോര്‍ക്കളത്തില്‍ മാതൃരാജ്യത്തിന് ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും സന്നദ്ധനായി ഞാനെന്റെ മകനെ പട്ടാളത്തിലേക്ക് വിട്ട് തരുന്നു. വാതോരാതെ ദേശക്കൂറ് വിളമ്പുന്ന ഇവിടുത്തെ ഒരൊറ്റ രാഷ്ട്രീയ നേതാവും ഇന്നോളം മുഴക്കിയിട്ടില്ലാത്ത ആ വെല്ലുവിളി, കാലത്തെ അതിജീവിച്ച് കൊണ്ട് ദിഗന്തങ്ങളെ ഭേദിക്കുന്നത് ആത്മഹര്‍ഷത്തോടെ ഓരോ മുസല്‍മാനും ഓര്‍ക്കും.
മദിരാശി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇസ്മാഈല്‍ സാഹിബ് 1946 മുതല്‍ 52 വരെ പ്രതിപക്ഷ നേതാവായിരുന്നു. അന്ന് മന്ത്രിയായിരുന്ന ശ്രീ ഭക്തവത്സലം പ്രതിപക്ഷനേതാക്കള്‍ക്ക് ഇസ്മാഈല്‍ സാഹിബ് ഒരു മാതൃകയാണ് എടുത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിന്റെയും, ദേശസ്‌നേഹത്തിന്റെയും വലിയൊരംഗീകാരമായിരുന്നു.
തമിഴ്‌നാട് നിയമസഭയില്‍ ഇസ്മാഈല്‍ സാഹിബിന്റെ ഫോട്ടോ അനാഛാദനം ചെയ്ത് കൊണ്ട് അന്നത്തെ മുഖ്യമന്ത്രി എം.ജി.ആറും, ഈസ്റ്റ് തഞ്ചാവൂര്‍ ജില്ലക്ക് ഖാഇദേമില്ലത്ത് ജില്ലാ എന്ന് പുനര്‍ നാമകരണം ചെയ്ത് മുഖ്യമന്ത്രി ജയലളിതയും 1995ല്‍ അദ്ദേഹത്തിന്റെ നൂറാം ജന്മ വാര്‍ഷികത്തില്‍ സ്മാരക സ്റ്റാമ്പിറക്കി കേന്ദ്രസര്‍ക്കാരും അദ്ദേഹത്തിന്റെ സേവനങ്ങളെ അവിസ്മരണീയമാക്കി. രാജ്യസ്‌നേഹിയായ ഇന്ത്യയുടെ അരുമ പുത്രനെ ആദരിച്ചു. അസൂയാവഹമായ നേതൃപാടവം, ആത്മാര്‍ത്ഥത, ഉന്നതാദര്‍ശം എന്നീ വ്യക്തി വിശേഷം കൊണ്ടാണ് ഇസ്മാഈല്‍ സാഹിബ് ഖാഇദേമില്ലത്ത് അഥവാ മുസ്ലീം സമൂഹത്തിന്റെ മാര്‍ഗ്ഗദര്‍ശകന്‍ എന്ന അപരനാമം അദ്ദേഹത്തിന് സാര്‍വ്വത്രികമായി ലഭിച്ചത്. ഒരു എം.പി എന്ന നിലക്ക് തനിക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതി സംഖ്യ രാജ്യ രക്ഷാഫണ്ടിലേക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ട ആദ്യത്തെ എം.പി.യും ഇസ്മാഈല്‍ സാഹിബ് തന്നെയാണ്. ഒരു മുതിര്‍ന്ന അംഗം എന്ന നിലക്ക് അദ്ദേഹത്തിനറെ കേവല സാന്നിദ്ധ്യം പോലും പാര്‍ലിമെന്റില്‍ കുലീനതയുടേയും അന്തസ്സിന്റെയും കാന്തി പരത്തുന്നുവെന്നതാണ് സത്യം.
1872 ഏപ്രീല്‍ 5ന് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോള്‍ രാഷ്ട്രം അദ്ദേഹത്തെ ആദരപൂര്‍വ്വം സ്മരച്ചു. ഒരു യഥാര്‍ത്ഥ ദേശഭക്തനെയാണ് രാഷ്ട്രത്തിന് നഷ്ടമായതെന്നാണ് പ്രസിഡന്റ് വി.എസ്.ഗിരി പ്രഖ്യാപിച്ചത്. തമിഴ്‌നാട്, കേരള നിയമസഭകള്‍ നടപടി നിര്‍ത്തിവെച്ച് കൊണ്ട് ആ മഹാമനുഷ്യനോടുള്ള ബഹുമാനം പ്രകടിപ്പിച്ചു.
ഇസ്മാഈല്‍ സാഹിബ് ഇന്ത്യന്‍ മുസ്ലീംങ്ങളുടെ മാത്രം നേതാവായിരുന്നില്ല. മറിച്ച് ജാതിമത ചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗത്തിന്റെയും സ്‌നേഹബഹുമാനം നേടിയ സമാദരണീയനായ ഒരു ഇന്ത്യന്‍ പൗരനായിരുന്നു. അതോടൊപ്പം ഞാന്‍ വിശുദ്ധിയോടെ കാത്തുസൂക്ഷിച്ച ധാര്‍മ്മിക മൂല്യങ്ങളുടേയും, സദാചാര നിഷ്ടഠകളുടേയും പേരില്‍ മുസ്ലീം ലോകത്തിനാകമാനം ബഹുമാനവും ആദരവും അദ്ദേഹം ആര്‍ജ്ജിക്കുകയുണ്ടായി.
സ്വന്തം സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിന് വേണ്ടി ജീവനര്‍പ്പിക്കാന്‍ പോലും സന്നദ്ധനായ ഇന്ത്യയുടെ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത് രാജ്യസ്‌നേഹം തെളിയിച്ചു. ഭരണഘടക്ക് രൂപം നല്‍കുന്നതില്‍ പ്രമുഖമായ പങ്കുവഹിച്ചു. ഒരു കറുത്ത പുള്ളിപോലും വീഴ്ത്താതെ അവസാന ശ്വാസം വരെ പൊതു പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും മതേതരത്വത്തിനും മതമൈത്രിക്കും വേണ്ടി ആയുഷ്‌കാലം മുഴുവന്‍ ചിലവിട്ടു. ഇന്ത്യയുടെ മഹാനായ പ്രിയ പുത്രന്‍ ഇസ്മാഈല്‍ സാഹിബിന്റെ സ്മരണയിലൂടെ നമുക്ക് മുന്നോട്ട് പോകാം. വിജയം തീര്‍ച്ച.